ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്റെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണ് റേഡിയോ കോളർ. പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ അസമിലെ വനം വകുപ്പിൽ നിന്നാണ് കേരള വനം വകുപ്പ് വാങ്ങിയത്. നീളമുള്ള ബെൽറ്റ് പോലെയുള്ള റേഡിയോ കോളറിന് അഞ്ചു ലക്ഷം രൂപയാണു വില. പത്തു വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.
വനം വകുപ്പിന്റെ പക്കലുള്ള ജിഎസ്എം റേഡിയോ കോളർ മൊബൈൽ നെറ്റ്വർക് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കില്ല. അതിനാലാണ് സാറ്റലൈറ്റ് റേഡിയോ കോളർ എത്തിച്ചത്. സാറ്റലൈറ്റ് ഫോണിന് സമാനമായി പ്രവർത്തിക്കുന്ന കോളറാണിത്. മൊബൈൽ ടവറിന്റെ സഹായമില്ലാതെ വിവരങ്ങൾ കൈമാറാനാകും. ആന സാറ്റലൈറ്റ് പരിധിയിൽ എവിടെയാണെങ്കിലും വിവരം കൈമാറാനും സാധിക്കും.