പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമായ 6 മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യതയും ആവശ്യമില്ലെന്നും, ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്നും കോടതി പറഞ്ഞു. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.