അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണത്തിനായി കാട്ടില്‍ അരി എത്തിച്ചു നല്കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന് വേണ്ടി നിലവിലെ താവളമായ റിസര്‍വ് ഫോറസ്റ്റിലേക്ക് എത്തിച്ചത്.
അതേസമയം, അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്ന് കമ്പം എംഎല്‍എ എന്‍ രാമകൃഷ്ണന് പ്രതികരിച്ചു.
മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഷണ്മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന് ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് അരിക്കൊമ്പന് ചെയ്യുന്നത്.
കഴിഞ്ഞദിനങ്ങളില്‍ കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെ അരിക്കൊമ്പന് ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയതെന്നാണ് എംഎല്‍എ പറയുന്നത്.
അരി കൊമ്പന് സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായതെന്നാണ് നിഗമനം. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.