കൊട്ടാരക്കര
എംസി റോഡിൽ കുളക്കടയിൽ കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 17പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശൂർ നാരായണത്ര ചൂലിശേരി പാണ്ടിയത്ത് വീട്ടിൽ പി ആർ ശരൺദേവ് (30)ആണ് മരിച്ചത്. ശനി പകൽ 1.30ന് കുളക്കട ഗവ. ഹയർസെക്കൻഡറി സ്കൂൾ ജംങ്ഷനിലായിരുന്നു അപകടം.
കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും വാഹന ഓയിലും ഗ്രീസും സപ്ലൈ ചെയ്തതിനുശേഷം തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുരുങ്ങിപ്പോയ ലോറി ഡ്രൈവറെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ശരൺദേവിനെയും ബസ് യാത്രക്കാരനായ കിളിമാനൂർ സ്വദേശി ബാലൻപിള്ള (53)യെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശരൺദേവ് മരിച്ചു. ശരൺദേവിന്റെ അച്ഛൻ: രവി. അമ്മ: ശോഭന. സഹോദരൻ: ശ്യാംദേവ്
ലോറി ക്ലീനർ അസം സ്വദേശി പ്രഫുൽ ജ്യോതി (29), കെഎസ്ആർടിസി ഡ്രൈവർ കല്ലറ സ്വദേശി വിപിൻ വി നായർ (41), കണ്ടക്ടർ രാജേഷ് കുമാർ (42), ബസ് യാത്രക്കാരായ കന്യാകുമാരി സ്വദേശികളായ രാജേശ്വരി (67), രാജൻ (60), ജെയ്സിങ് (51), രാജസിങ് (36), നാരങ്ങാക്കുഴി സ്വദേശി അഭിജിത് (27), മല്ലപ്പള്ളി സ്വദേശിയായ ഷൈൻ (31), ചിപ്പി (29), ക്രിസ്റ്റീന (രണ്ടര), കുളത്തൂപ്പുഴ സ്വദേശി വത്സല (70), പള്ളിക്കൽ സ്വദേശി ലിജി (27), കുളക്കട സ്വദേശി ചന്ദ്രശേഖരപിള്ള (65),പോത്തൻകോട് സ്വദേശി അജികുമാർ (48), അജയകുമാർ (48)എന്നിവരാണ് പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവം അറിഞ്ഞ ഉടനെ മന്ത്രി കെ എൻ ബാലഗോപാൽ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുകയുംചെയ്തു.