കൊട്ടിയൂർ | ബുധനാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശ അഭിഷേകത്തിന് മുൻപേ മുളന്തണ്ടും ഞെട്ടിപ്പന ഓലയും കൊണ്ട് നിർമിച്ച പെരുമാളുടെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും.
തുടർന്ന് കലശാഭിഷേകം നടക്കും. ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം (വലിയ വട്ടളം പായസം) നിവേദിച്ചു. ദേവസ്വം വകയായിരുന്നു പായസ നിവേദ്യം. ഉച്ചശീവേലിയുടെ മധ്യത്തിൽ വാളാട്ടം നടന്നു. ഉത്സവ കാലത്ത് കൊട്ടിയൂരിൽ എത്തിച്ച ദേവതകളെയെല്ലാം ഏഴില്ലക്കാർ വിഗ്രഹത്തിൽ നിന്ന് തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്നതാണ് വാളാട്ടം.
വാളാട്ടത്തിന് ശേഷം കുടിപതികളുടെ തേങ്ങയേറും നടന്നു. കൂത്ത് സമർപ്പണവും നടന്നു. ആയിരം കുടം ജലാഭിഷേകത്തോടെ ഉത്സവ ചടങ്ങുകൾ പൂർത്തിയായി.