തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ശക്തമായേക്കും. കേരള തീരത്ത് കടലാക്രമണത്തിനു സാധ്യതുള്ളതിനാൽ കടലിൽ പോകുന്നതിനു മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്.