പാരിസ്
പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതിനെ തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം രൂക്ഷം. വിവിധ നഗരങ്ങളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ രാജ്യം കലാപഭൂമിയായി. പാരിസിൽ ഉൾപ്പെടെ പ്രധിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു. കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. വിവിധ നഗരങ്ങളിലായി നൂറ്റമ്പതിലേറെപ്പേർ അറസ്‌റ്റിലായി. പൊതുഗതാഗത സംവിധാനങ്ങൾക്കുനേരെ വ്യാപക ആക്രമണം ഉണ്ടായതോടെ പാരിസിൽ ബസ്, ട്രാം സർവീസുകൾ നിർത്തി. കര്‍ഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷയ്ക്ക് 40,000 പൊലീസുകാരെ നിയോഗിച്ചു.
ചൊവ്വാഴ്ച ട്രാഫിക് പരിശോധനയ്ക്കിടെയാണ് കൗമാരക്കാരനായ നയ്‌ലിനെ പൊലീസ് വെടിവച്ചത്. ഇയാൾ പൊലീസിനുനേരെ വണ്ടിയോടിച്ച് വന്നതിനാലാണ് വെടിവച്ചതെന്ന പൊലീസ് വാദം സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊളിഞ്ഞു. വാഹനത്തിനടുത്ത് രണ്ട് പൊലീസുകാർ നിൽക്കുന്നതും അതിലൊരാൾ കുട്ടിക്കുനേരെ തോക്കുചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് നയ്‌ലിന്റെ നേരേചൂണ്ടി വെടിവയ്ക്കുകയും ചെയ്തു. വെടിവച്ച പൊലീസുകാരനെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസ് എടുത്തു. മജിസ്‌ട്രേട്ട്‌തല അന്വേഷണം പ്രഖ്യാപിച്ചു.
മകൻ കൊല്ലപ്പെട്ട സ്ഥലത്തേക്ക് നയ്‌ലിന്റെ അമ്മ മൗനിയയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വന്‍ പ്രതിഷേധ പ്രകടനം നടന്നു. ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. ഇതും സംഘര്‍ഷത്തില്‍ കലാശിച്ചു. നയ്‌ൽ താമസിച്ചിരുന്ന നാന്റെയർ പ്രദേശത്തെ ദരിദ്രരായ ജനങ്ങൾക്കെതിരെ മുമ്പും പൊലീസ് അക്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മുൻവിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് അധികാരം ദുർവിനിയോഗം ചെയ്തതായി പ്രക്ഷോഭകർ പറഞ്ഞു. ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെ ഉൾപ്പെടെ രാജ്യത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ പൊലീസ് നടപടിയെ അപലപിച്ച് രംഗത്തെത്തി.