ബംഗളൂരു> കര്‍ണാടകത്തിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ബംഗാരപേട്ട് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് ചൊവ്വ രാത്രി ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊന്നത്. സംഭവത്തിനുപിന്നാലെ യുവതിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ (24) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഒബിസി വിഭാഗക്കാരാണ് പെണ്‍കുട്ടിയുടെ കുടുംബം.
യുവാവുമായുള്ള പ്രണയ ബന്ധത്തില്‍നിന്ന് പിന്തിരിയാന്‍ കൃഷ്ണമൂര്‍ത്തി നിര്‍ബന്ധിച്ചെങ്കിലും കീര്‍ത്തി തയ്യാറായിരുന്നില്ല. വാക്കേറ്റത്തിനിടെ കൃഷ്ണമൂര്‍ത്തി മകളെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഇയാള്‍ പൊലീസ് പിടിയിലായി. കീര്‍ത്തിയുടെ മരണ വിവരം അറഞ്ഞ് ഹൃദയം തകര്‍ന്ന ഗംഗാധര്‍ അടുത്തുള്ള റെയില്‍വെ ട്രാക്കിലെത്തി ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.