മട്ടന്നൂർ | പാലയോടെ ദേശീയ പഞ്ചഗുസ്തി താരം എം എം ഷിജുവിനെ ചേര്‍ത്ത് പിടിച്ച് കെ കെ ശൈലജ എം എല്‍ എ. രാജ്യത്തെ പ്രതിനിധീകരിച്ച് ഖസാക്കിസ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ഷിജുവിന് സ്പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കുമെന്ന് എം എല്‍ എ അറിയിച്ചു.
ഉത്തർപ്രദേശിലെ മഥുര ജി എൽ എ യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ പാരാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച് 70 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ലോക പഞ്ചഗുസ്തി മത്സരത്തിന് യോഗ്യത നേടിയത്. ആഗസ്ത് 24 മുതൽ സെപ്തംബർ 3 വരെ ഖസാക്കിസ്ഥാനിലെ ആൽമറ്റിയിലെ സാഡു ഹോട്ടലിലാണ് മത്സരം.
പങ്കെടുക്കണമെങ്കിൽ ഒന്നര ലക്ഷത്തോളം ചെലവ് വരും. നിർമാണ തൊഴിലാളിയായ ഷിജുവിന് ഇത്രയും തുക താങ്ങാനാവില്ല. ജന്മനാ ഇടത്തെ കൈക്ക് സ്വാധീനമില്ലാത്ത ഷിജു വടംവലി രംഗത്തെ മികച്ച താരം കൂടിയാണ്. 2018ല്‍ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയെങ്കിലും സ്പോൺസറെ കിട്ടാത്തതിനാൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.