/
11 മിനിറ്റ് വായിച്ചു

കുഞ്ഞിമംഗലം വില്ലേജ് ഓഫീസും സ്മാർട്ടായി

വില്ലേജ്തല ജനകീയ സമിതികൾ താങ്ങും തണലുമാകണം: മന്ത്രി കെ രാജൻ

വില്ലേജ്തല ജനകീയ സമിതികൾ ജനങ്ങൾക്ക് താങ്ങും തണലുമാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജിലെ പൊതുവായ പ്രശ്നങ്ങൾ ജനകീയ സമിതികളിൽ അവതരിപ്പിക്കാം. എം എൽ എ, ത്രിതല പഞ്ചായത്ത് അധ്യക്ഷർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സമിതി അംഗങ്ങളാണ്. ഇവിടെ നടക്കുന്ന ചർച്ചകൾ റിപ്പോർട്ടാക്കി താലൂക്ക് ഓഫീസ് പ്രതിനിധി മന്ത്രിയുടെ ഓഫീസിൽ അറിയിക്കും. ഇവ മന്ത്രി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. വില്ലേജ്തല സമിതികൾ സ്കൂളിൽ പി ടി എ പ്രവർത്തിക്കുന്നതു പോലെ വില്ലേജുകളിൽ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കടന്നപ്പള്ളി വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ഓഫീസ് നിർമ്മിച്ചത്. ഇതിനായി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി എന്നിവയും മുകളിൽ റെക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍, ശുചിമുറി എന്നിവയുമാണുള്ളത്. ചുറ്റുമതില്‍, ഗെയ്റ്റ്, ഇന്റര്‍ലോക്ക് ചെയ്ത മുറ്റം, ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി ഡബ്യു ഡി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർത്ഥന, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി റീന, വാർഡ് അംഗം കെ സുമയ്യ, പയ്യന്നൂർ തഹസിൽദാർ എം കെ മനോജ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!