രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ച് ഉയരുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പൊതു ജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കും എന്നാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം.
ഇന്ന് ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനം ഉണ്ടാക്കും. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയ കറുപ്പൻ പറഞ്ഞു.
തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ച് ഉയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഉടനീളമുള്ള പുതിയ ഫാം ഫ്രഷ് വെജി ഔട്ട്ലെറ്റുകളിൽ വിപണി വിലയുടെ പകുതി വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.