/
11 മിനിറ്റ് വായിച്ചു

വ്യാജ മയക്കുമരുന്ന്‌ കേസ്‌: ഷീല സണ്ണിയെ പ്രതിസ്ഥാനത്ത്‌ നിന്ന് ഒഴിവാക്കി

തൃശൂർ> ചാലക്കുടിയിലെ  വ്യാജ മയക്കുമരുന്ന്‌ കേസിൽ ഷീല സണ്ണിയെ ഹൈക്കോടതി പ്രതിസ്ഥാനത്ത്‌ നിന്ന് ഒഴിവാക്കി. കേസ്‌  അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബ്യൂട്ടി പാർലർ ഉടമയും പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. അഡ്വ. നിഫിൻ പി കരീം വഴിയാണ്‌ ഹർജി നൽകിയത്‌. ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത്  ഷീല സണ്ണിയെ പ്രതിസ്ഥാനത്ത്‌ നിന്ന്‌ ഒഴിവാക്കുകയായിരുന്നു. കേസ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ എക്സൈസ് വകുപ്പും തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു

ഫെബ്രുവരി 27നാണ് നോർത്ത് ജങ്ഷനിലെ ബ്യൂട്ടി പാർലറിൽനിന്ന്‌  ഷീലയെ എക്‌സൈസ് സംഘം പിടികൂടിയത്‌. ഇവരുടെ ബാഗിൽ നിന്നും 12 സ്റ്റാമ്പ് കണ്ടെടുത്തതായി ആരോപിച്ച്‌  കേസെടുത്തു. തുടർന്ന്  72 ദിവസം ഇവർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു. താൻ നിരപരാധിയാണെന്നും സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം  ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയന്‌ ഷീല പരാതി നൽകി. പരാതിയിൽ  വിശദമായ അന്വേഷണം നടത്താൻ എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. പിടിച്ചെടുത്ത സ്റ്റാമ്പ് കാക്കനാട് ഗവ. ലാബിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞു. എൽഎസ്ഡി സ്റ്റാമ്പ് ബ്യൂട്ടിപാർലറിൽ ഉണ്ടെന്ന് വാട്ട്‌സാപ്പ് കാളിൽ രഹസ്യസന്ദേശം ലഭിച്ചതിനെ തുടർന്നാണ്‌ എക്‌സൈസ്‌ പരിശോധന നടത്തിയിരുന്നത്‌. പിന്നീ ഈ നമ്പറിൽ  ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ലാബ് പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെയാണ് എക്‌സൈസ്‌ പ്രതിയല്ലന്ന റിപ്പോർട്ട് നൽകിയത്‌. ഷീല സണ്ണിയുടെ നിരപരാധിത്വം അറിയിച്ച് കോടതിയിൽ അപേക്ഷ നൽകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്അറിയിച്ചിരുന്നു. സംഭവത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ കെ  സതീശനെ സസ്‌പെൻഡും ചെയ്തതിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!