റാമള്ള
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം രണ്ടാംദിനവും തുടരുന്നു. ഇതുവരെ ക്യാമ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച റാമള്ളയിലും ഒരാളെയും സൈന്യം വെടിവച്ച് കൊന്നു. ആക്രമണത്തെ തുടർന്ന് നാലായിരത്തിൽപ്പരം ആളുകൾ ഇവിടംവിട്ടു. മൂവായിരത്തോളം പേരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് അറിയിച്ചു.
അക്രമികൾക്കായി തിരച്ചിൽ നടത്തുന്നെന്ന വ്യാജേനയാണ് രണ്ടായിരത്തിൽപ്പരം ഇസ്രയേൽ സൈനികർ വൻ ആയുധസന്നാഹങ്ങളുമായി ജെനിൻ ക്യാമ്പിൽ പ്രവേശിച്ചത്. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്ത് ഭീതി പരത്തി. ചൊവ്വാഴ്ച പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. 14,000 പലസ്തീൻ അഭയാർഥികളാണ് ക്യാമ്പിലുള്ളത്.
പ്രത്യാക്രമണം എന്ന നിലയിൽ സൈന്യത്തിനുനേരെ കാറോടിച്ചെത്തിയ ഇരുപതുകാരനായ ഹമാസ് പ്രവർത്തകനെയും സൈന്യം വെടിവച്ച് കൊന്നു.