നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്ത് വാർഡ് 12,13 താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയില്‍. മഴ കനത്തതോടെ പാറക്കടവ് പഞ്ചായത്തിലെ ആലുവ തോടിന് ഇരുകരകളിലായി വസിക്കുന്ന അഞ്ച് പട്ടികജാതി കോളനികള്‍ ഉൾപ്പെടെയുള്ള പ്രദേശത്തെ ജനങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വാർഡ് 13ൽ പെടുന്ന വലിയകുളം പാടശേഖരത്തിൽനിന്ന് ആലുവ തോടുവഴി ചാലക്കുടി പുഴയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ട് ഭീഷണിക്ക് കാരണം. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ആലുവ തോട് ശുചീകരിക്കാത്തതാണ് കാരണം.
വാർഡ് 12-ൽ പട്ടികജാതി കോളനികളായ ഐനിക്കത്താഴം, തിടുക്കേലി, മണക്കുന്ന്, മൊതക്കാട്, ഇരുമ്പങ്ങൽ എന്നീ പട്ടികജാതി കോളനി പ്രദേശത്തെ ജനങ്ങളും വാർഡ് 13-ൽ തേമാലി, തറമൂല എന്നിവിടങ്ങളിലെ പ്രദേശവാസികളും കുടുംബങ്ങളും പ്രദേശത്തെ കാർഷിക വിളകളെയും വെള്ളക്കെട്ട് ഗുരുതരമായി ബാധിക്കും. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ ഏത്തവാഴ കൃഷികൾക്കും ഒരുപോലെ ഭീഷണിയാണ് വെള്ളക്കെട്ട്.