/
12 മിനിറ്റ് വായിച്ചു

കണ്ണന്‌ കരുതലായത്‌ ‘ഹൃദ്യം’ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും

കാസർകോട്‌> “എന്തിനാണിങ്ങനെ ഇത്ര നല്ല പദ്ധതിയെ തകർക്കാൻ നോക്കുന്നത്‌. എന്റെ കണ്ണനെപ്പോലെ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ സഹായകമായ പദ്ധതിയെയാണല്ലോ നശിപ്പിക്കാൻ നോക്കുന്നത്‌’– കാസർകോട് ബട്ടംപാറയിലെ നാലുവയസുകാരൻ ആയുഷ്‌ എന്ന കണ്ണന്റെ അമ്മ സുജിത്രയുടെ ചോദ്യമാണിത്‌. കാസർകോട്‌ ജനറൽ ആശുപത്രിയിൽ 2019 മാർച്ച്‌ 18നാണ്‌ കണ്ണന്റെ ജനനം. അപ്പോൾതന്നെ  ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടായി. തുടർപരിശോധനയിൽ ഹൃദയ ധമനികൾ സ്ഥലംമാറിയതായി കണ്ടു.  ഉടൻ ശസ്‌ത്രക്രിയ നടത്തേണ്ടിവരുമെന്ന്‌ ഡോക്ടർ അറിയിച്ചു.
അടുത്തുള്ള മികച്ച ആശുപത്രികൾ മംഗളൂരുവിലാണെന്നതിനാൽ അങ്ങോട്ടേക്ക്‌ മാറ്റാനുള്ള ഒരുക്കത്തിനിടെ ശസ്‌ത്രക്രിയക്കുമാത്രം ആറുലക്ഷം രൂപയാകുമെന്നറിഞ്ഞു. ഇത്രയുംതുക എങ്ങനെ കണ്ടെത്തുമെന്ന്‌ വിഷമിച്ചിരിക്കെയാണ്‌ ജനറൽ ആശുപത്രിയിലെ ഡോ. പ്രീമ ‘ഹൃദ്യം’ പദ്ധതിയെപ്പറ്റി പറഞ്ഞത്‌. പിന്നീട്‌ എല്ലാം വേഗത്തിലായിരുന്നു.
സർക്കാരിന്റെ കരുതലിന്റെ സാക്ഷ്യം
പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തപ്പോൾ എറണാകുളം അമൃതയിൽ അലോട്ട്‌മെന്റ്‌ ലഭിച്ചു. കാഞ്ഞങ്ങാട്‌ നിന്നുമെത്തിയ ആംബുലൻസിൽ 20ന്‌ പകൽ രണ്ടിന്‌ കുഞ്ഞുമായി പുറപ്പെട്ടു. വെറും നാലരമണിക്കൂർകൊണ്ട്‌ ആംബുലൻസ്‌ അമൃതയിലെത്തി. തുടർച്ചയായ പരിശോധനകൾക്ക്‌ ശേഷം 22ന്‌ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന്‌  അറിയിപ്പെത്തിയപ്പോഴാണ്‌  ആശങ്ക അവസാനിച്ചതെന്നും കണ്ണന്റെ അച്ഛൻ ഭവിത്ത്‌ പറയുമ്പോൾ അത്‌ സർക്കാരിന്റെ കരുതലിന്റെ സാക്ഷ്യമാകുന്നു. 4.60 ലക്ഷം രൂപയുടെ ബില്ലാണ്‌ അമൃതയിൽനിന്നും ലഭിച്ചത്‌. ഒരുരൂപപോലും അടക്കേണ്ടിവന്നില്ല. എല്ലാം സർക്കാർ നൽകി.  ശസ്‌ത്രക്രിയ  കഴിയുംവരെ ഇതൊന്നുമറിയാതെ സുചിത്ര ജനറൽ ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിൽ കഴിയുകയായിരുന്നു.
കുഞ്ഞിന്‌ മഞ്ഞ കൂടുതലുള്ളതിനാൽ ചികിത്സക്കായി ഐസിയുവിലേക്ക്‌ മാറ്റിയെന്ന്‌ മാത്രമാണ്‌ അറിയിച്ചത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ 17 ദിവസത്തിനുശേഷമാണ്‌ കുഞ്ഞിനെ കാണുന്നതെന്ന്‌ സുജിത്ര പറഞ്ഞു. പിന്നീടിങ്ങോട്ട്‌ മരുന്നുപോലും വേണ്ടിവന്നില്ല. കണ്ണനിപ്പോൾ കൂഡ്‌ലു ഗവ. എൽപി സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!