കോയമ്പത്തൂർ > കോയമ്പത്തൂർ റേഞ്ച് ഡിഐജി സി വിജയകുമാർ വെള്ളി രാവിലെ ക്യാമ്പ് ഓഫീസിൽ സ്വയം വെടിവെച്ച് മരിച്ചു. ഗൺമാന്റെ പിസ്റ്റൾ എടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ വി ബാലകൃഷ്ണൻ, വെസ്റ്റ് സോൺ ഐജി ആർ സുധാകർ എന്നിവർ ആശുപത്രിയിലെത്തി.
രാവിലെ പ്രഭാത സവാരിക്ക് പോയ വിജയകുമാർ 6.50ന് റേസ് കോഴ്‌സിലെ ക്യാമ്പ് ഓഫീസിൽ തിരിച്ചെത്തി. ശേഷമാണ് വെടിയൊച്ചകേട്ടത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിജയകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗൈ, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. ജനുവരി ആറിനാണ് വിജയകുമാർ കോയമ്പത്തൂർ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. ഇതിന് മുമ്പ് ചെന്നൈ അണ്ണാനഗറിൽ ഡെപ്യൂട്ടി പൊലീസ് കമീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.