തിരുവനന്തപുരം
ജോലിസമയം ക്രമീകരിക്കാതെ അമിതജോലി അടിച്ചേല്‍പ്പിക്കുകയും പിഴവുണ്ടായാല്‍ ലോക്കോ പൈലറ്റുമാരെ മാത്രം കുറ്റക്കാരാക്കുകയും ചെയ്ത് റെയില്‍വെ. പശ്ചിമ ബംഗാളിൽ ജൂണ്‍25ന് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ലോക്കോ പൈലറ്റ് സ്വരൂപ് സിൻഹ, അസി. ലോക്കോ പൈലറ്റ് ജി എസ് എസ് കുമാർ എന്നിവരെ അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ 30ന് പിരിച്ചുവിട്ടു.
മെയ് 24 മുതൽ ജൂൺ 24 വരെ സ്വരൂപ് ദാസ് 18 ഡ്യൂട്ടിയാണ് എടുത്തത്. അതിൽ 14 രാത്രി ഡ്യൂട്ടി. 10 ട്രിപ്പുകൾ 10 മണിക്കൂറിൽ കൂടുതലും എട്ടെണ്ണം 12 മണിക്കൂറിൽ കൂടുതലും. അസി. ലോക്കോ പൈലറ്റ് കുമാർ എടുത്ത 22 ഡ്യൂട്ടിയിൽ 17 എണ്ണം രാത്രിയാണ്. 13 ട്രിപ്പുകൾ 10 മണിക്കൂറിൽ കൂടുതലും എട്ടെണ്ണം 12 മണിക്കൂറിൽ കൂടുതലുള്ളതും. ജൂൺ ആറിന് 20 മണിക്കൂറിനടുത്ത് നിർബന്ധിത ഡ്യൂട്ടിയും എടുക്കേണ്ടിവന്നു. ഉറങ്ങിപ്പോയെന്ന് സ്വരൂപ് സിൻഹ സമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി.
പിരിച്ചുവിട്ട രണ്ടു ജീവനക്കാരും തുടർച്ചയായി രാത്രി ഡ്യൂട്ടി എടുത്തിരുന്ന കാര്യം പുറത്തറിയാതിരിക്കാനാണ് നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ സി ജെയിംസ് ചൂണ്ടിക്കാട്ടി.കോവിഡിനുശേഷം ഗുഡ്സ് ട്രെയിൻ സർവീസ് 30 ശതമാനം വർധിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ച് എൻജിൻ ഡ്രൈവർമാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല.