പത്തനംതിട്ട
വീട്ടമ്മയുടെ കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷം ഭർത്താവ് അറസ്റ്റിൽ. പുല്ലാട് ചട്ടക്കുളത്ത് രമാദേവി (50) 2006ൽ കൊലപ്പെട്ട കേസിലാണ് റിട്ട. പോസ്റ്റ്മാസ്റ്ററായ ഭര്‍ത്താവ് ജനാര്‍ദനൻനായരെ(71) ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡ്ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.
ചോദ്യംചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. പൊലീസ് നടത്തിയ അതിവിദഗ്ധമായ ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. രമാദേവിയുടെ ഇരുകൈകളിൽ നിന്നുമായി ലഭിച്ച മുടിയിഴകൾ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ ജനാർദനന്റേതാണെന്ന് കണ്ടെത്തിയിരുന്നു.
2006 മെയ് 26നായിരുന്നു രമാദേവിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പുരയിടത്തിലെ കിണറ്റിൽനിന്ന് കണ്ടെത്തിയ കത്തിയിൽ രക്തം പുരണ്ടിരുന്നു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീടിന് സമീപം പണിക്കുവന്ന ഇയാളെ സംഭവത്തിനുശേഷം കാണാതായത് പ്രതിയെന്ന സംശയം ബലപ്പെടുത്തി. 17 വര്‍ഷത്തിന് ശേഷവും ഇയാളെ കുറിച്ച് വിവരമില്ല. ഇയാൾക്കൊപ്പം താമസിച്ച തമിഴ്സ്ത്രീയെ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ഇതിനിടെ ഭാര്യയുടെ ഘാതകനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജനാർദനൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനത്തിന് മുമ്പ് തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യം കോട്ടയം ക്രൈംബ്രാഞ്ചും പിന്നീട് ആലപ്പുഴ ക്രൈംബ്രാഞ്ചും അന്വേഷിച്ചു. 2018ല്‍ കേസ് പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തപ്പോള്‍ ജനാര്‍ദനനിലേക്ക് സംശയം നീണ്ടു. അന്വേഷണത്തോട് സഹകരിക്കാൻ ഇയാൾ ആദ്യം തയ്യാറായിരുന്നില്ല. ഭാര്യയിലുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
പ്രതിയെ ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ആർ പ്രതീക്, ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ്, എസ്ഐ വിൽസൺ ജോയ്, ഷാനവാസ്, ഷിബു, നൗഷാദ്, അനുരാഗ് മുരളിധരൻ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്