ന്യൂഡൽഹി
യമുനയിലെ ജലനിരപ്പ് സർവകാല റെക്കോഡിൽ എത്തിയതോടെ ഡൽഹിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ് 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 207.49 മീറ്ററാണ് ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്. ഒമ്പതിനായിരത്തോളംപേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
താഴ്‌ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടിൽനിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
ഹിമാചലില്‍ 88 മരണം
കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ച മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചെന്ന് സർക്കാർ അറിയിച്ചു.
മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതരാണ്. കുളു, മണാലി പ്രദേശങ്ങളിൽ വൈദ്യുതി–- മൊബൈൽ ബന്ധം താൽക്കാലികമായി പുനഃസ്ഥാപിച്ചു. കുളു–- മണാലി പാതയും ഗതാഗതയോഗ്യമാക്കി. ലാഹൗളിൽ കുടുങ്ങിയ മുന്നൂറി-ലധികം ടൂറിസ്റ്റ് വാഹനങ്ങൾക്കും വഴിയൊരുക്കി നൽകിയതോടെ ഇവരും സുരക്ഷിതസ്ഥാനത്തേക്ക് തിരിച്ചു. മൺസൂൺ സീസണിൽ സംസ്ഥാനത്ത് ഇതുവരെ 88 മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നൂറിലേറെപ്പേർ മരിച്ചെന്നാണ് അനൗദ്യേഗിക കണക്ക്.