കാഞ്ഞങ്ങാട് > അത്തിക്കോത്ത് എസി നഗർ ആദിവാസി കോളനിക്ക് സമീപം ആർഎസ്എസ് ആക്രമണം. ആർഎസ്എസ് ക്രിമിനൽ സംഘം നടത്തിയ ആക്രമണത്തിൽ സിപിഐ എം പ്രവർത്തകന് സാരമായി പരിക്കേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കൽ വീട്ടിൽ കൃ-ഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ബൈക്കിലെത്തിയ അഞ്ചംഗ അക്രമിസംഘം ബിയർ ബോട്ടിൽ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച സഹോദരൻ ഉണ്ണിക്കും അമ്മ ഗൗരിക്കും പരിക്കേറ്റിണ്ട്. അത്തിക്കോത്ത് എസി നഗർ കോളനിയിലെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന യുവാക്കൾ ശബ്ദം കേട്ട് ഓടിയെത്തിയതിനാലാണ് കൃഷ്ണന്റെ ജീവൻ രക്ഷിക്കാനായത്.
കല്യാൺറോഡിലെയും മാവുങ്കാലിലെയും ആർഎസ്എസ് ക്രിമിനലുകളായ സുജിത്(25), സുധീഷ്(24), രാഹുൽ(24), ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമികളിൽ നാലുപേരെ നാട്ടുകാർ പിടികൂടി ഹൊസ്ദുർഗ് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ റോഡിലൂടെ ബൈക്കിൽ ഇരച്ചെത്തിയസംഘം, നാട്ടുകാരോട് പ്രകോപനത്തിന് മുതിർന്നിരുന്നു. ഉച്ചയോടെ വീണ്ടുമെത്തി സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരം തകർത്ത ശേഷം സമീപത്ത് കണ്ടവരെ ആക്രമിച്ചു.
അത്തിക്കോത്ത് മാവില വിഭാഗത്തിന്റെ കോളനിയിലെ സിപിഐ എം പ്രവർത്തകർക്കുനേരെ ആർഎസ്എസ് അക്രമം പതിവാണ്. കഞ്ചാവ് വിൽപ്പനക്കാരാണ് പ്രദേശത്തെ ആർഎസ്എസ് ക്രിമിനൽ സംഘമെന്നും നാട്ടുകാർ പറഞ്ഞു. ബിജെപി കേന്ദ്രമായ കല്യാൺറോഡിന് സമീപത്തെ കോളനിയിൽ സിപിഐ എം സജീവമായതാണ് ആർഎസ്എസ് സംഘം കോളനിയിലുള്ളവരെ നിരന്തരം അക്രമിക്കാൻ കാരണം.
പരിക്കേറ്റ കൃഷ്ണനെ ജില്ലാ ആശുപത്രിയിൽ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ഏരിയാസെക്രട്ടറി അഡ്വ. കെ രാജ്മോഹൻ, ഏരിയാക്കമ്മിറ്റി അംഗം എം രാഘവൻ അതിയാമ്പൂർ, രതീഷ് നെല്ലിക്കാട്ട്, സുജിത് നെല്ലിക്കാട്ട്, വിപിൻ ബല്ലത്ത് തുടങ്ങിയവർ സന്ദർശിച്ചു.