കൊച്ചി
പുതിയ സീസൺ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നു. എറണാകുളം പനമ്പിള്ളിനഗർ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. വിസാപ്രശ്നം കാരണം മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനൊപ്പം ചേർന്നിട്ടില്ല. അടുത്തയാഴ്ച സെർബിയക്കാരൻ എത്തും. സഹപരിശീലകരായ ഫ്രാങ്ക് ഡ്രൗവിന്റെയും ടി ജി പുരുഷോത്തമന്റെയും നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഗസ്ത് ആദ്യവാരം തുടങ്ങുന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബോളാണ് ആദ്യലക്ഷ്യം. ഐഎസ്എൽ മത്സരക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ സീസണിൽനിന്ന് വലിയ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ക്യാപ്റ്റൻ ജെസെൽ കർണെയ്റോ, സഹൽ അബ്ദുൾ സമദ്, ഇവാൻ കലിയുഷ്നി, അപോസ്തലോസ് ജിയാനു, ഹർമൻജോത് ഖബ്ര, ഗോൾകീപ്പർ പ്രഭ്സുഖൻസിങ് ഗിൽ, വിക്ടർ മൊൻഗിൽ, നിഷുകുമാർ തുടങ്ങിയവർ ടീം വിട്ടു. ഓസ്ട്രേലിയൻ മുന്നേറ്റക്കാരൻ ജോഷ്വാ സോട്രിയോയാണ് പുതുതായി എത്തിച്ച വിദേശതാരം. പ്രതിരോധത്തിൽ പരിചയസമ്പന്നരായ പ്രീതം കോട്ടാൽ, പ്രബീർ ദാസ് എന്നിവരെയും റാഞ്ചി. മുംബൈ സിറ്റിയിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ മറ്റൊരു പ്രതിരോധക്കാരൻ നവോച്ച സിങ്ങുമായും ധാരണയിലായിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീമിൽ എത്തുമെന്നാണ് സൂചന. പ്രഭ്സുഖൻ ടീം വിട്ട സാഹചര്യത്തിൽ ഗോൾകീപ്പറായി ബംഗളൂരു എഫ്സിയിൽനിന്ന് ലാറ ശർമ എത്തിയേക്കും. ബംഗാളുകാരനാണ് ഈ ഇരുപത്തിനാലുകാരൻ. മുന്നേറ്റത്തിൽ ഇന്ത്യൻ യുവതാരങ്ങളായ ലിസ്റ്റൺ കൊളാസോ, ഇഷാൻ പാണ്ഡിറ്റ എന്നിവർക്കായാണ് ശ്രമം. വുകോമനോവിച്ചുകൂടി എത്തിയാൽ പുതിയ കരാറിൽ വ്യക്തത വരുത്തും.
ഉറുഗ്വേ മധ്യനിരക്കാരൻ അഡ്രിയാൻ ലൂണയാകും ഇത്തവണ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ജെസെലിന്റെ അഭാവത്തിൽ ലൂണയ്ക്കായിരുന്നു ചുമതല. ദിമിത്രിയോസ് ഡയമന്റാകോസും സോട്രിയോയുമെല്ലാം പരിശീലന ക്യാമ്പിലുണ്ട്. ക്രൊയേഷ്യൻ പ്രതിരോധക്കാരൻ മാർകോ ലെസ്കോവിച്ച് എത്തിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ അവധിയിലാണ് ഈ മുപ്പത്തിരണ്ടുകാരൻ. വൈകാതെ ഇന്ത്യയിൽ എത്തും.ഡ്യൂറൻഡ് കപ്പിൽ ബംഗളൂരു എഫ്സി, ഗോകുലം കേരള, ഇന്ത്യൻ എയർഫോഴ്സ് എന്നീ ടീമുകൾ ഉൾപ്പെട്ട സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ്. മത്സരക്രമം പുറത്തുവന്നിട്ടില്ല. കൊൽക്കത്ത, ഗുവാഹത്തി, കൊക്രജാർ എന്നീ വേദികളിലായാണ് മത്സരങ്ങൾ.