/
14 മിനിറ്റ് വായിച്ചു

വിഴിഞ്ഞം തുറമുഖം ; നിർമാണം അതിവേഗം, സെപ്തംബറിൽ ക്രെയിനുമായി കപ്പൽ എത്തും

തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ചൈനയിൽനിന്നുള്ള കൂറ്റൻ ക്രെയിനുമായി സെപ്തംബറിൽ ആദ്യ കപ്പൽ എത്തും. മൂന്ന് കപ്പലാണ് എത്താനുള്ളത്. ഒക്‌ടോബറിൽ അന്താരാഷ്‌ട്ര ഷിപ്പിങ്‌ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഷിപ്പിങ്‌ കോൺക്ലേവ്‌ ചേരുമെന്നും അദാനി പോർട്‌സ്‌ സിഇഒ കരൺ അദാനി തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിലിന്  ഉറപ്പുനൽകി. കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 2024 ഡിസംബറിൽ തുറമുഖം സജ്ജമാകാനാണ്‌ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആറുമാസംമുമ്പ്‌ അതിന്‌ കഴിയുമെന്നാണ്‌ കരുതുന്നത്‌. അഹമ്മദാബാദിൽ നടന്ന ചർച്ചയിൽ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ളയും പങ്കെടുത്തു. തുറമുഖ നിർമാണത്തിന് ആവശ്യമുള്ള 3500 കോടി രൂപ നൽകാമെന്ന്‌ നബാർഡും ഹഡ്‌കോയും സമ്മതിച്ചിട്ടുണ്ട്‌. അതിൽ ഹഡ്‌കോ 2000 കോടി അനുവദിച്ചു. ഈ തുക ലഭിക്കുന്നതോടെ അദാനി പോർട്‌സിന്‌ നൽകാനുള്ള തുക നൽകും.

32 ക്രെയിൻ
ചൈനയിൽനിന്ന്‌ എത്തിക്കുന്നത്‌  32 അത്യാധുനിക ക്രെയിനുകൾ. അതിൽ എട്ട്‌ എണ്ണം സൂപ്പർ പോസ്റ്റ് പനമാക്സും 24 കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുമാണ്‌. രണ്ടുമാസംകൊണ്ട് ഇവ സ്ഥാപിക്കും.

നിർമാണം കുതിക്കുന്നു
തുറമുഖത്ത് സർക്കാർ ചെലവിൽ നിർമിക്കുന്ന പുലിമുട്ടിന്റെ 1290 മീറ്റർ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 2960 മീറ്ററാണ്‌ വേണ്ടത്‌. കണ്ടെയ്‌നർ ബെർത്തിന്റെ നിർമാണവും പൂർത്തിയായി. രണ്ടാംഘട്ടത്തിന് അനുമതി തേടിയിട്ടുണ്ട്. ഏഴ്‌ ഹെക്ടർ കണ്ടെയ്‌നർ യാർഡ്‌ നിർമിച്ചു. 13 കെട്ടിടത്തിൽ അഞ്ചെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. എട്ടെണ്ണം പുരോഗമിക്കുന്നു. ചുറ്റുമതിൽ, ക്രെയിൻ ബീം എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്. പോർട്ട്‌ ഓപ്പറേഷൻ ബിൽഡിങ്‌,  ജിഐഎസ്‌ സബ്‌സ്‌റ്റേഷൻ, പോർട്ട്‌ സബ്‌സ്‌റ്റേഷൻ, ഗേറ്റ്‌ കോംപ്ലക്‌സ്‌, സെക്യൂരിറ്റി ബിൽഡിങ്‌ എന്നിവ പൂർത്തിയായി. പോർട്ടുമായി ദേശീയപാതയെ ബന്ധിപ്പിക്കുന്ന 1700 മീറ്റർ റോഡിൽ 600 മീറ്ററായി. ബാക്കി പുരോഗമിക്കുന്നു. 48 ഹെക്ടർ കടൽ നികത്തി.  53 ഹെക്ടറാണ്‌ ആവശ്യം.

ട്രാൻസ്‌ഷിപ്‌മെന്റ് 
തുറമുഖം
രാജ്യത്ത്‌ ആദ്യത്തെ ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖമാണ്‌ വിഴിഞ്ഞത്തേത്‌. മദർഷിപ്പുകളിൽ എത്തുന്ന ചരക്ക് ചെറു കപ്പലുകളിലേക്ക്‌ മാറ്റി മറ്റിടങ്ങളിലേക്ക് എത്തിക്കും. ഇന്ത്യക്ക്‌ അടുത്ത്‌  മദർ ഷിപ്പ് എത്തുന്ന തുറമുഖം കൊളംബോ, സിംഗപ്പുർ, ദുബായ്‌ എന്നിവയാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!