കോഴിക്കോട് | കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് എത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രി ഡ്രസിംഗ് റൂം അടിച്ചു തകർത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആണ് സംഭവം. കണ്ണൂർ ചാലാട് സ്വദേശിയായ ഷാജിത് (46) ആണ് അക്രമാസക്തനായത്.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായ ആൾ അവിടുത്തെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിച്ചു. തുടർന്ന് മുറിവ് ചികിത്സിക്കാൻ മെഡിക്കൽ പരിശോധനക്കായി ഇയാളെ പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. പരിശോധനക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോഴാണ് ഇയാൾ വീണ്ടും അക്രമാസക്തനായത്.
തല കൊണ്ട് റൂമിലെ ചില്ലുകളും അടിച്ചു തകർത്തു. ഉടൻ തന്നെ പോലീസും സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു.