പാരിസ്
കിലിയൻ എംബാപ്പെയും പിഎസ്‌ജി ക്ലബ്ബും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഫ്രഞ്ച് ഫുട്‌ബോളിലെ സൂപ്പർതാരത്തെ ഏഷ്യൻ പര്യടനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കി. ഇനിയൊരിക്കലും പിഎസ്‌ജിയിൽ എംബാപ്പെ കളിക്കില്ലെന്നാണ് സൂചന. ടീമിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാണ് ഇരുപത്തിനാലുകാരൻ.
പിഎസ്‌ജിയുമായി ഒരുവർഷത്തെ കരാർ ശേഷിക്കുന്നുണ്ട് എംബാപ്പെയ്‌ക്ക്. എന്നാൽ, വരുന്ന സീസണിനുമുമ്പുതന്നെ വിൽക്കാനാണ് ക്ലബ്ബിന്റെ ശ്രമം. അടുത്തവർഷം കരാർ അവസാനിക്കുന്നഘട്ടത്തിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ ചേരാനാണ് മുന്നേറ്റക്കാരന്റെ നീക്കം.
അങ്ങനെ സംഭവിച്ചാൽ പിഎസ്‌ജിക്ക് സാമ്പത്തികമായി ഒന്നും ലഭിക്കില്ല. ക്ലബ് ചെയർമാൻ നാസെർ അൽഖെലെയ്‌ഫി സൗജന്യമായി വിട്ടുപോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ്.
ഈ സീസണിൽ നിരവധി ക്ലബ്ബുകൾ ലോകകപ്പ് താരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ഈ വർഷം തുടരാനാണ് എംബാപ്പെ ശ്രമിക്കുന്നത്.
താരലേല ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്‌ക്കാണ് എംബാപ്പെ പിഎസ്‌ജിയിൽ എത്തിയത്. 260 കളിയിൽ 212 ഗോളടിച്ചു.
പുതിയ സീസണിനുമുന്നോടിയായി ജപ്പാനിലും ദക്ഷിണകൊറിയയിലും കളിക്കാനാണ് ഫ്രഞ്ച് ചാമ്പ്യൻമാർ ഒരുങ്ങുന്നത്.