കോട്ടയം > പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ആരവമുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തുഴയെറിയാൻ കുമരകം ഒരുങ്ങി. അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കുമരകത്തുനിന്ന് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ആഗസ്‌ത് 12നാണ് നെഹ്‌റു ട്രോഫി വള്ളം കളി.
കുമരകത്തിന്റെ ആദ്യ ബോട്ട് ക്ലബ്ബായ കുമരകം ബോട്ട് ക്ലബ്, അവസാനമായി കുമരകത്തിന്റെ മണ്ണിൽ നെഹ്‌റു ട്രോഫി എത്തിച്ച വേമ്പനാട് ബോട്ട് ക്ലബ്, ആറ് തവണ ചാമ്പ്യൻമാരായ കുമരകം ടൗൺ ബോട്ട് ക്ലബ്, ചുരുങ്ങിയ കാലംകൊണ്ട് ഉയർന്നുവന്ന കൈപ്പുഴമുട്ട് എൻസിഡിസി, തെക്കൻ പ്രദേശമായ മുത്തേരിമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമുദ്ര ബോട്ട് ക്ലബ് എന്നിവയാണ് ഇത്തവണ ജലരാജാക്കൻമാരാകാൻ പുന്നമടക്കായലിന്റെ ഓളങ്ങളിലെത്തുക.
ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും വേമ്പനാട് ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലും കുമരകം ബോട്ട് ക്ലബ് പായിപ്പാട് ചുണ്ടനിലുമായി പുന്നമടയിൽ തുഴയെറിയുമ്പോൾ സമുദ്ര ആനാരി ചുണ്ടനിലും എൻസിഡിസി നിരണം ചുണ്ടനിലുമെത്തും. തുഴച്ചിൽക്കാരെ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് ക്ലബുകൾ. തുഴച്ചിൽക്കാരുടെ തുകയും ഭക്ഷണവും മറ്റ് ചെലവുകളും കൂടിയാകുമ്പോൾ വലിയൊരു തുക ബോട്ട് ക്ലബ്ബുകൾക്ക് ചെലവാകും. പരിശീലനം തുടങ്ങുന്നതോടെ കുമരകത്തിന്റെ ഇനിയുള്ള നാളുകളിൽ ആർപ്പുവിളിയും ആരവുമുയരും.