തൃശൂർ> ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രി എംഡി ഡോ. വി ആർ അലോകിനെതിരെയാണ് നഴ്സുമാരുടെ പരാതി. മർദനമേറ്റ രണ്ട് നഴ്‌സുമാരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സുമാർ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. അതേസമയം തന്നെ നഴ്‌സുമാർ മർദിച്ചതായി ആരോപിച്ച് ഡോ. അലോകും വെസ്‌റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. |
ഏഴ് വർഷമായി 10,000 രൂപയിൽ താഴെയാണ് ശമ്പളം ലഭിക്കുന്നതെന്നും മറ്റ് ആനുകൂല്യങ്ങളോ 2013ലെ മിനിമം വേതനംപോലും നടപ്പിലാക്കിട്ടില്ലെന്നും നഴ്സുമാർ പറഞ്ഞു. ഇതിനെതിരെ യുഎൻഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഴ്സുമാർ സമരം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്‌ച തൃശൂർ ലേബർ ഓഫീസറുടെ ചേംബറിൽ ചർച്ച നടന്നത്.
ചർച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറ്റിപ്പോവുകയായിരുന്നു. ഇതിനിടെ നിലത്ത് വീണ ഗർഭിണിയായ നഴ്സ് ലക്ഷ്‌മി, മഞ്‌ജു, ജിജി, നിമ്മി, ശ്രുതി, അശ്വതി തുടങ്ങിയവർക്ക് മർദനമേറ്റെന്നും പരാതിയുണ്ട്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഡോ. അലോകും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.