10 മിനിറ്റ് വായിച്ചു

ഏകദിന ക്രിക്കറ്റ്‌ പരമ്പര ; ഇന്ത്യക്ക്‌ തോൽവി, പരമ്പരയിൽ ഒപ്പമെത്തി വിൻഡീസ്‌

ബാർബഡോസ്‌
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. ആറ് വിക്കറ്റ്‌ ജയത്തോടെ വിൻഡീസ്‌ പരമ്പരയിൽ 1–-1ന്‌ ഒപ്പമെത്തി. അവസാന മത്സരം ചൊവ്വാഴ്–ച നടക്കും.

ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്കും വിരാട്‌ കോഹ്‌ലിക്കും വിശ്രമം അനുവദിച്ച കളിയിൽ ഇന്ത്യക്ക്‌ മികച്ച സ്‌കോർ നേടാനായില്ല. ഹാർദിക്‌ പാണ്ഡ്യ നയിച്ച ടീം 40.5 ഓവറിൽ 181ന്‌ പുറത്തായി. വിൻഡീസ്‌ 36.4 ഓവറിൽ ജയം നേടി.

മഴ കാരണം കളി ഇടയ്‌ക്കിടെ തടസപ്പെട്ടിരുന്നു. വിൻഡീസിനായി ക്യാപ്‌റ്റൻ ഷായ്‌ ഹോപും (80 പന്തിൽ 63*) കീസി കാർട്ടിയും (65 പന്തിൽ 48*) തിളങ്ങി.  ഓപ്പണർമാരായ ഇഷാൻ കിഷനും (55 പന്തിൽ 55) ശുഭ്‌മാൻ ഗില്ലും (49 പന്തിൽ 34) മാത്രമാണ്‌ ഇന്ത്യൻ ബാറ്റർമാരിൽ പിടിച്ചുനിന്നത്‌.  മലയാളിതാരം സഞ്‌ജു സാംസൺ 19 പന്തിൽ ഒമ്പത്‌ റണ്ണെടുത്ത്‌ പുറത്തായി.

ടോസ്‌ നേടിയ വിൻഡീസ്‌ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. കിഷനും ഗില്ലും ചേർന്ന്‌ 90 റണ്ണാണ്‌ ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്‌. ഒരു സിക്‌സറും ആറ്‌ ഫോറുമായിരുന്നു കിഷന്റെ  ഇന്നിങ്‌സിൽ.  ഗില്ലാണ്‌ ആദ്യം പുറത്തായത്‌. പിന്നാലെ കിഷനും മടങ്ങി. ഇതോടെ ഇന്ത്യൻ ബാറ്റിങ്‌ നിര തകർന്നു.  സ്ഥാനക്കയറ്റം കിട്ടിയ അക്‌സർ പട്ടേലിനും (1) പിന്നാലെയെത്തിയ ക്യാപ്‌റ്റൻ ഹാർദിക്കിനും (7) സ്‌കോർ ഉയർത്താൻ കഴിഞ്ഞില്ല.

പ്രതീക്ഷയോടെ എത്തിയ സഞ്‌ജുവും നിരാശപ്പെടുത്തി. സ്‌പിന്നർ യാന്നിക്‌ കരിയായുടെ പന്തിൽ ബാറ്റ്‌വച്ച സഞ്‌ജു ബ്രണ്ടൻ കിങ്ങിന്റെ കൈയിലൊതുങ്ങി. പിന്നാലെ മഴ കളി തടസപ്പെടുത്തി. ഇടവേളയ്‌ക്കുശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ സൂര്യകുമാർ യാദവിനെയും (25 പന്തിൽ 24) രവീന്ദ്ര ജഡേജയെയും (21 പന്തിൽ 10) നഷ്ടമായി. 16 റണ്ണെടുത്ത ശാർദുൾ ഠാക്കൂറാണ്‌ 150 കടത്തിയത്‌. ബൗളിങ്ങിൽ മൂന്ന്‌ വിക്കറ്റും ശാർദുൾ സ്വന്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!