കോഴിക്കോട് > മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ആഗസ്ത് നാലു മുതൽ ആറുവരെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ, എന്നീ വിഭാഗങ്ങളിലാണ് മത്സരം. നാലിന് രാവിലെ 10ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. ആറിന് പുല്ലൂരാംപാറ എലത്തുകടവിൽ സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. പുലിക്കയത്തെ സ്ഥിരം കയാക്കിങ് സെന്റർ മന്ത്രി നാടിന് സമർപ്പിക്കും. കേരളത്തിൽനിന്നുളള കയാക്കർമാർക്കുപുറമെ 10 വിദേശ രാജ്യങ്ങളിൽനിന്നായി അന്തർദേശീയ കയാക്കർമാരും ഇരുന്നൂറോളം ദേശീയ കയാക്കർമാരും പങ്കെടുക്കും. ദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പും ഇതിന്റെ ഭാഗമായി നടക്കും. 2024 പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷൻ ട്രയൽസിനും ആദ്യമായി കേരളം വേദിയാകും.
ഫെസ്റ്റിന്റെ ഭാഗമായി ക്രോസ് കൗണ്ടി റേസ്, മഡ് ഫുട്ബോൾ, സൈക്ലിങ് ടൂർ, മൺസൂൺ നടത്തം, കയാക്കിങ് ബ്രഷ് സ്ട്രോക്സ്, ഓഫ് റോഡ് എക്സ്പെഡിഷൻ, പട്ടംപറത്തൽ ഉത്സവം എന്നിവ നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ചേർന്ന് മൺസൂൺ ഉല്ലാസയാത്ര നടത്തും. നാല്, അഞ്ച് തീയതികളിൽ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന യാത്രയിൽ കക്കാടംപൊയിൽ, നായാടംപൊയിൽ, കോഴിപ്പാറ വെള്ളച്ചാട്ടം, പുലിക്കയം കയാക്കിങ് സെന്റർ, തുഷാരഗിരി വെള്ളച്ചാട്ടം, വനപർവം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവ കാണാൻ സൗകര്യമുണ്ടാകും.