വീട്ടിൽ നിന്ന് നടന്നാൽ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കാണ് ഷെസിൻ പോയത്. ഉച്ച കഴിഞ്ഞിട്ടും മകൻ തിരിച്ച് വരാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നിട്ടില്ല, മുടി വെട്ടുന്ന കടയിലും എത്തിയിട്ടില്ല. അന്ന് വൈകുന്നേരം തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി.
കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഷെസിൻ. പുതിയ സ്കൂളിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അധികം കൂട്ടുകാരില്ല, വീട്ടിൽ നിന്ന് ഇതിന് മുമ്പ് പറയാതെ എങ്ങും പോയിട്ടില്ല. വീട്ടിൽ നിന്ന് അധികം പുറത്ത് പോകുന്ന ശീലവും ഇല്ല. പിന്നെ മകന് എന്ത് സംഭവിച്ചു എന്ന ആധിയിൽ കഴിയുകയാണ് ഷെസിന്റെ കുടുംബം.
മകനെ കാണാതായ വിവരം അറിഞ്ഞ് നാട്ടിൽ എത്തിയതാണ് പ്രവാസിയായ പിതാവ് നിസാർ. മകനെ കാണാതായതിൽ പിന്നെ രാത്രി പോലും വീടിന്റെ ഗേറ്റ് അടക്കാറില്ലെന്ന് പറയുമ്പോൾ പിതാവ് നിസാറിന്റെ ശബ്ദത്തിൽ ഇടർച്ച. മകൻ രാത്രിയെങ്ങാനും കയറി വന്നാലോ എന്ന പ്രതീക്ഷയോടെ ആണ് നിസാർ കാത്തിരിക്കുന്നത്.