ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത ഘട്ടം.
ചാന്ദ്ര ഭ്രമണ പഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ച് ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിൽ എത്തി കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് സോഫ്റ്റ് ലാൻഡിങ്ങ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ലാൻഡർ ഇറങ്ങുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി.