ചവറ> അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കടലിൽപോയ വള്ളങ്ങൾക്ക് ആദ്യദിനം ലഭിച്ചത് കിളിമീനും കരിക്കാടിയും. കടലോളം പ്രതീക്ഷയുമായി നീറ്റിലിറക്കിയ ബോട്ടുകൾക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുള്ള തടിബോട്ട് ഉൾപ്പെടെയുള്ള യാനങ്ങളാണ് നിറയെ മീനുമായി തീരമണഞ്ഞത്. ഇതോടെ തീരദേശം വീണ്ടും ആവേശത്തിലായി.
ചൊവ്വ പകലോടെ ചെറുബോട്ടുകൾ എത്തിത്തുടങ്ങി. എത്തിയ ബോട്ടുകളിലേറെയും കരിക്കാടിയും കിളിമീനുമായിരുന്നു. 32 കിലോ തൂക്കം വരുന്ന കരിക്കാടി നിറച്ച കൊട്ടയ്ക്ക് ഏകദേശം 3600, 3800 രൂപയാണ് തുടക്കത്തിൽ വില ലഭിച്ചത്. 40 കിലോ തൂക്കം വന്ന കിളിമീൻ 5000, 5500 രൂപയ്ക്കാണ് ആദ്യഘട്ടത്തിൽ ലേലത്തിൽ പോയത്. കൂടുതൽ ബോട്ടുകൾ തീരത്ത് എത്തിയതോടെ വിലയിൽ മാറ്റമുണ്ടായി. പുറംകടലിൽ തങ്ങി ട്രോളിങ് നടത്തുന്ന വലിയ ബോട്ടുകൾ തിരിച്ചെത്താൻ നാലുമുതൽ ഏഴുദിവസം വരെ എടുക്കും. വലിയ ബോട്ടുകളിൽനിന്ന് കണവ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. വലിയ ബോട്ടുകൾക്ക് ഡീസൽ, ഐസ്, ബാറ്റ, തൊഴിലാളികളുടെ ഭക്ഷണം എന്നിവ ഉൾപ്പെടെ കടലിൽപോയി വരുന്നതിന് രണ്ടുലക്ഷം രൂപ വരെ ചെലവുവരുമെന്നാണ് ഉടമകൾ പറയുന്നത്.
മണ്ണെണ്ണ, ഡീസൽ എന്നിവയുടെ വിലവർധന പ്രതിസന്ധിയാണെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ട്രോളിങ് നിരോധനത്തെതുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന ഹാര്‍ബറുകള്‍ക്കു സമീപത്തെ കടകളും വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ആദ്യദിനം പ്രതീക്ഷിച്ച വിലകിട്ടിയില്ലെങ്കിലും വരുംദിവസങ്ങളിൽ സ്ഥിതി മാറുമെന്നാണ് മത്സ്യത്തൊഴിലാളികൾ കരുതുന്നത്.