കോട്ടയം > ഞാറ് നടുംമുന്നേ പാടത്ത് വസന്തമെത്തി, ആമ്പലഴകായി… നോക്കെത്താ ദൂരത്തോളം പടർന്ന ആമ്പൽച്ചെടികൾ നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നു. കാഴ്‌ചയത്രയും പിങ്ക് വർണത്തിൽ മാത്രം. മലരിക്കൽ മാടിവിളിക്കുന്നു ആ കാഴ്‌ചകളിലേക്ക്. തിരുവാർപ്പ് പഞ്ചായത്തിലെ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള 600 ഏക്കർ വരുന്ന തിരുവായ്‌ക്കരി ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്താണ് ഈ വിസ്‌മയം.
ഉദയസൂര്യന്റെ പൊൻകിരണമേൽക്കാനും അസ്‌തമയസൂര്യനെ യാത്രയാക്കാനും അത്രമേൽ സഞ്ചാരികൾ ഇഷ്‌ടപ്പെടുന്ന ഇടം കൂടിയാണ് മലരിക്കൽ. ആമ്പൽ പൂക്കളെ തൊട്ടടുത്ത് കാണാനും അവസരവുമുണ്ട്. വള്ളത്തിൽ കയറി ആമ്പൽ പാടങ്ങൾ ചുറ്റിക്കാണാം. അതിരാവിലെ എത്തിയാൽ മാത്രമേ പൂക്കൾ നന്നായി കാണാനാകൂ. സൂര്യോദയം പിന്നിട്ട് ഇളം ചൂടേൽക്കുമ്പോൾ പൂക്കൾ കൂമ്പിടും. ആമ്പലുകൾ പൂത്തുതുടങ്ങിയപ്പോൾ തന്നെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. പൂക്കൾ കണ്ടും ചിത്രങ്ങളെടുത്തും മടക്കം. ഫാഷൻ, വിവാഹം, സേവ് ദ ഡേറ്റ്, ബേബി ഷവർ ഫോട്ടോഷൂട്ടിനുവരെ ഇവിടം വേദിയാകുന്നു.
മീനച്ചിലാർ- മീനന്തറയാർ -കൊടൂരാർ നദി പുനർസംയോജന പദ്ധതി കോട്ടയത്തിനും കേരളത്തിനും സമ്മാനിച്ച പുഷ്‌പോത്സവമാണ് മലരിക്കൽ ആമ്പൽ വസന്തം. ഓണത്തോടനുബന്ധിച്ച് നദി പുനർസംയോജന പദ്ധതിയുടെ ഭാഗമായുള്ള മലരിക്കൽ ആമ്പൽ ഫെസ്റ്റ് സംഘാടകസമിതിയുടെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.