തിരുവനന്തപുരം
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഒരു നിർണായക കടമ്പകൂടി കടന്ന് ചാന്ദ്രയാൻ 3. സങ്കീർണ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് സുഗമമായി കടന്നു. ഭൂമിയിൽനിന്ന് 22 ദിവസത്തെ യാത്രയ്ക്കൊടുവിൽ ശനി വൈകിട്ടായിരുന്നു ചാന്ദ്രപ്രവേശം. പേടകം സുരക്ഷിതമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇനി പതിനെട്ടാംനാൾ, 23 ന് വൈകിട്ട് 5.45ന് ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.
മൂന്ന് ലക്ഷത്തിലേറെ കിലോമീറ്റർതാണ്ടി അതിവേഗത്തിലെത്തിയ പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുകയായിരുന്നു. പേടകത്തിലെ ത്രസ്റ്ററുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ഇതിനായുള്ള കമാൻഡ് ശനി വൈകിട്ട് 7.12 ന് ബംഗളൂരുവിലെ കേന്ദ്രമായ ഇസ്ട്രാക്കിൽനിന്ന് നൽകി. ചന്ദ്രന്റെ 60, 000 കിലോമീറ്റർ അടുത്തെത്തിയ പേടകം ഇത് സ്വീകരിച്ച് ത്രസ്റ്ററുകൾ 31 മിനിറ്റ് ജ്വലിപ്പിച്ചു. 266 കിലോ ഇന്ധനം ഇതിനായി ഉപയോഗിച്ചു.
പേടകം നിലവിൽ ദീർഘവൃത്ത പഥത്തിൽ ചന്ദ്രനെ ചുറ്റിത്തുടങ്ങി. ഞായർ രാത്രി 11 ന് ആദ്യ ഭ്രമണപഥം താഴ്ത്തൽ നടക്കും. 9,14,16 തീയതികളിലും പഥം താഴ്ത്തും. 17ന് നൂറു കിലോമീറ്റർ അടുത്ത് ലാൻഡറിനെ എത്തിച്ചശേഷം പ്രപ്പൽഷൻ മോഡ്യൂൾ വേർപെടും. തുടർന്നാണ് സോഫ്റ്റ് ലാൻഡിങ്. പേടകം സുരക്ഷിതമെന്നും എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു.
വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ഇസ്ട്രാക്കിലെത്തിയിരുന്നു. ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്.