കൊച്ചി | പർദ്ദ ധരിച്ച് വനിതയെന്ന വ്യാജേന ഇടപ്പള്ളി ലുലു മാളിലെ സ്ത്രീകളുടെ ശൗചാലയത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്താൻ ശ്രമിച്ച കണ്ണൂർ കരിവെള്ളൂർ സ്വദേശി അഭിമന്യു (23) കളമശ്ശേരി പോലീസിൻ്റെ പിടിയിലായി.
ബിടെക് ബിരുദധാരിയായ അഭിമന്യു ഇൻഫോ പാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജീവനക്കാരനാണ്. സാധാരണ വേഷത്തിൽ മാളിലെത്തിയ അഭിമന്യു, ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കയ്യിൽ കരുതിയ പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി. തുടർന്ന് മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് വെച്ചതിന് ശേഷം ശൗചാലയത്തിന്റെ വാതിലിനോട് ചേർത്ത് ഒട്ടിച്ചു വെക്കുക ആയിരുന്നു.
വാതിലിന് മുന്നിൽ നിന്നുള്ള അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്ത്രീകൾ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയും ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺ വേഷത്തിൽ എത്തിയ പുരുഷനാണ് ഇതെന്നും ശുചിമുറി ദൃശ്യങ്ങൾ പകർത്തുക ആയിരുന്നു എന്നും തിരിച്ചറിഞ്ഞത്.