മട്ടന്നൂർ | കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന രീതിയിൽ ടയറുകൾ കൂടിയിട്ടതിന് കീഴല്ലൂർ പഞ്ചായത്തിലെ കുമ്മാനത്തെ മുമ്പ്ര ടയേഴ്സിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് 2000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമ നിശ്ചിത സമയത്തിനുള്ളിൽ പരിസരം വൃത്തിയാക്കി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പഞ്ചായത്തീരാജ് നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനും പഞ്ചായത്തിന് നിർദേശം നൽകി.
സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പാലയോട്ടെ ചിക്കൂസ് ബേക്കറിയിൽ നിന്ന് പ്ലാസ്റ്റിക് ക്യാരിബാഗ്, പേപ്പർ കപ്പ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തി.
ചാലോട് അടുക്കള ഹോട്ടൽ, ഗ്രീൻമാർട്ട് സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ ജൈവ – അജൈവ മാലിന്യം തരംതിരിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചതായും കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി.
പരിശോധനക്ക് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ഷെരികുൾ അൻസാർ, പഞ്ചായത്ത് അസി. സെക്രട്ടറി രജനി എന്നിവർ നേതൃത്വം നൽകി.