മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നു.
കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.
എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും സാധ്യമാകുന്നില്ല. വിമാന കമ്പനികളുടെ എണ്ണം കുറവായത് കാരണം കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ് – ഇ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. വ്യോമയാന രംഗത്ത് ആവശ്യമായ എം.ആര്‍.ഒ, എയ്റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.
എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യം മുഖ്യമന്ത്രി ബഹു. പ്രധാനമന്ത്രിയേയും ബഹു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 സെപ്തംബര്‍ 7-ന് പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
സമീപഭാവിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റണ്‍വെ എക്സ്റ്റന്‍ഷനുവേണ്ടി കീഴല്ലൂര്‍, കാനാട് മേഖലയില്‍ ഭൂമി എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതാണ്.