ബംഗളൂരു | ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐ എസ് ആ ർ ഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 18 ദിവസമായി ശീത നിദ്രയിലാണ് ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ എത്തിയിട്ടുണ്ട്.100 മീറ്റർ അപ്പുറത്തുള്ള റോവറിലെ സൗരോർജ പാനലിലും സൂര്യപ്രകാശം എത്തിയതായാണ് നിഗമനം. ബാറ്ററി പ്രവർത്തിച്ചിരുന്നു എങ്കിൽ സിഗ്‌നലുകൾ ലഭിക്കേണ്ടതാണ്. എന്നാൽ അതുണ്ടായിട്ടില്ല. ബംഗളൂരുവിലെ സെന്ററായ ഇസ്‌ട്രാക്കിൽനിന്ന് കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല.
ദക്ഷിണ ധ്രുവത്തിലെ രാത്രി താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താണിരുന്നു. രണ്ടാഴ്‌ച നീളുന്ന ഈ അതിതീവ്ര തണുപ്പിനെ അതിജീവിക്കാൻ പേടകങ്ങൾക്ക് കഴിഞ്ഞോ എന്നറിയാൻ ഒരു ദിവസം കൂടി കാക്കേണ്ടി വരും. ചന്ദ്രനിൽ പകൽ അവസാനിച്ചതോടെ സുരക്ഷക്കായി കഴിഞ്ഞ അഞ്ചിനാണ് പേടകങ്ങളെ സ്ലീപ് മോഡിലാക്കിയത്