കോതമംഗലം > മയക്കുമരുന്ന് മാഫിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. നെല്ലിക്കുഴി ഈസ്റ്റ് മേഖലാ പ്രസിഡന്റ് അജ്മൽ സലിമിനെ(28)യാണ് തിങ്കൾ രാത്രി നെല്ലിക്കുഴി ഗവ. സ്കൂളിനുസമീപം മയക്കുമരുന്ന് മാഫിയസംഘം ആക്രമിച്ചത്. സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരനെയും ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച അജ്മൽ സലിമിനെയും ബാപ്പ സലിമിനെയും മയക്കുമരുന്നുസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ, അക്രമിസംഘം അജ്മലിനെ വയറ്റില്‍ കുത്തിവീഴ്ത്തി. കോതമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധചികിത്സയ്ക്കായി മാർ ബസേലിയോസ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നെല്ലിക്കുഴി സ്വദേശികളായ ഇടയാലിക്കുടി അഷ്കർ, ഇടയാലി യൂനസ് എന്നിവരുൾപ്പെട്ട അക്രമിസംഘത്തിനെതിരെ വധശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് നെല്ലിക്കുഴി കവലയിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ബ്ലോക്ക് സെക്രട്ടറി ജിയോ പയസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, ബ്ലോക്ക് പ്രസിഡന്റ് കെ എൻ ശ്രീജിത്, ജോയിന്റ് സെക്രട്ടറി ടി എ ഷാഹിൻ, ധനേഷ് കെ ശ്രീധർ, അജ്മൽ മുഹമ്മദ്, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അജ്മലിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. എൻ ബി യൂസഫ് അധ്യക്ഷനായി.