/
15 മിനിറ്റ് വായിച്ചു

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാർത്ഥികളെ സൃഷ്ടിക്കും: എം.മുകുന്ദൻ

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാർത്ഥികളെ സൃഷ്ടിക്കുമെന്ന്
സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ്ക്ളബും രജിത് റാം സുഹൃദ്സംഘവും ചേർന്ന്  ഏർപ്പെടുത്തിയ പ്രഥമ രജിത് റാം സ്മാരക മാധ്യമ അവാർഡ് കണ്ണൂർ പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി സീനിയർ സബ് എഡിറ്ററുമായ കെ. മധുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ളാദേശിൽ നിന്നൊക്കെ  കുടിയേറിപാർത്ത അവർക്ക് മേൽവിലാസമോ രേഖകളോ ഒന്നുമില്ല. ഒന്നുമില്ലാത്ത ഇത്തരം മനുഷ്യരെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതെന്നും എം.മുകുന്ദൻ പറഞ്ഞു.
ഇന്ത്യയുടെ ഭാവിയെ കുറിച്ച് എല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. കേരളത്തിലും നമ്മുടെ പ്രതീക്ഷകൾ ഇല്ലാതാവുകയാണ്. പ്രതീക്ഷയായിരുന്ന സൂര്യനും അസ്തമനത്തിലേക്ക് അടുക്കകയാണ്. പൂക്കോട് സംഭവമൊക്കെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയിൽ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ദുഃഖകരമായ വാർത്തകളാണ് കേൾക്കാൻ പോകുന്നത്. അതിന് നാം ഓരോരുത്തരും തയ്യാറായിരിക്കണം. രാജ്യത്ത് ഇ.വി.എം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവൽക്കരണം നടത്തണം സാങ്കേതിക വിദ്യ ഏറെ വളർന്ന അമേരിക്കയിൽ പോലും മിക്ക സ്റ്റേറ്റുകളിലും ഇവിഎം ഉപയോഗിക്കുന്നില്ല. ബാലറ്റാണ് അവിടങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തെ ആദ്യ കമ്യുണിസ്റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയത് ബാലറ്റാണ്. നിർമ്മിതിബുദ്ധിയുടെ കാലത്ത് എന്തും സംഭവിക്കാം. നാം മൊബൈലിൽ നോക്കുമ്പോൾ പോലും നമ്മുടെ ചിത്രം പകർത്തി നാമറിയാതെ ലോകത്ത് എവിടെയുമെത്തുമെന്നും എം.മുകുന്ദൻ ചൂണ്ടിക്കാട്ടി.

 

പത്മജാ വേണുഗോപാലിൻ്റെ  കൂറുമാറ്റം തന്നെ വേദനിപ്പിച്ചു. കെ. കരുണാകരനോടൊപ്പമുള്ള ചിത്രമാണ് പത്മജയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിൽ നിരവധി നേതാക്കളാണ് ഓരോ പാർട്ടിയിൽ നിന്നും കൂറുമാറുന്നത്. കേരളത്തിൽ മത്സരിക്കുന്ന എത്ര എം.പിമാർ കൂറുമാറി മറ്റു പാർട്ടികളിലേക്ക് ചേരുമെന്ന് പറയാനില്ല. ആകെ പോകില്ലെന്ന് ഉറപ്പു പറയാൻ കഴിയുന്നത് ഇടതുപക്ഷക്കാരാണെന്നും എം.മുകുന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ല. കേരളത്തിലും സൂര്യൻ അസ്തമിച്ചിരിക്കുകയാണെന്ന് എം.മുകുന്ദൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. അവാർഡ് ജേതാവും മാതൃഭൂമി സീനിയർ സബ് എഡിറ്ററുമായ കെ. മധു മറുപടി പ്രസംഗം നടത്തി. പ്രസ് ക്ളബ്ബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതവും രജിത് റാം സുഹൃദ്സംഘം കൺവീനർ വിനോയ് മാത്യു നന്ദിയും പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!