/
9 മിനിറ്റ് വായിച്ചു

കാരുണ്യ പദ്ധതിയോടുള്ള സര്‍ക്കാര്‍ സമീപനം കെ.എം.മാണിയോടുള്ള വിരോധം: കെ.സുധാകരന്‍ എംപി

തിരുവനന്തപുരം : കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയോടുള്ള സർക്കാർ സമീപനമെന്ന് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും ആത്മാവിനെ കുത്തി നോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255 കോടിയിലധികമായി.

കാരുണ്യ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍വൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫിലെത്തിയത് മുതല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയോട് സിപിഎമ്മിനും സിപി ഐയ്ക്കും ചിറ്റമ്മനയമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!