ഇരിട്ടി :നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലെയും രണ്ടാം ഘട്ടത്തിൽ ഉൾപെടുത്തിയ 16 പഞ്ചായത്തുകളിലെയും കോർ കമ്മറ്റി അംഗങ്ങൾക്ക് വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പായം, കൂടാളി, മുഴക്കുന്ന്, കേളകം, പടിയൂർ പഞ്ചായത്തിലെ കോർകമ്മറ്റി അംഗങ്ങളാണ് ആദ്യത്തെ ഏകദിന ശില്പശാലയിൽ പങ്കെടുത്തത് .
ഇരിട്ടി, പേരാവൂർ, ഇരിക്കൂർ ബ്ലോക്കുകൾ കേന്ദ്രീകരിച്ചുള്ള ശില്പശാല ഇരിട്ടി ബ്ലോക്ക് ഹാളിൽ പ്രസിഡന്റ് എം വേലായുധൻ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ പദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ സഞ്ജീവ് എസ്.യു ഓൺലൈനായി ആമുഖ ഭാഷണം നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, വി സഹദേവൻ, നിഷാദ് മണത്തണ, പി പി സുകുമാരൻ എന്നിവർ ക്ലാസ്സെടുത്തു. ജോയിന്റ് ബി.ഡി.ഒ ദിവാകരൻ, റിസോഴ്സ് പേഴ്സൺമാരായ നാരായണൻ കറുവൻ, വി ബാലൻ, ടി ശോഭ, ഇന്റേൺ കെ.ജിൻഷ തുടങ്ങിയവർ സംസാരിച്ചു. ജയപ്രകാശ് പന്തക്ക സ്വാഗതം പറഞ്ഞു.
ജൂലായ് 15 ന് കല്യാശ്ശേരി ബ്ലോക്ക് ഓഫീസിലും ജൂലായ് 17 ന് വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജൂലായ് 18 ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ജൂലായ് 24ന് കതിരൂർ ഗ്രാമ പഞ്ചായത്ത് ഹാളിലും മേഖലാ ശില്പശാലകൾ നടക്കും.