കണ്ണൂർ : ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെൻ്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുറച്ചും സാധാരണ യാത്രക്കാർക്ക് നേരെ റെയിൽവേ റെഡ് സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോച്ചുകളുടെ എണ്ണം കുറച്ചതിനാൽ തിരക്ക് കാരണം റിസർവ് ചെയ്ത സീറ്റുകളിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. കോവിഡിൻ്റെ മറവിൽ അടിച്ചേൽപ്പിച്ച ടിക്കറ്റ് നിരക്ക് വർധന തുടരുകയാണ്. റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന കേരളത്തോട് കേന്ദ്രം തുടരുന്ന അവഗണനയിൽ ഒറ്റകെട്ടായി എതിർശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി.നസീർ, മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ കെ.പി.താഹിർ, എം.പി. മുഹമ്മദലി ,ഷക്കീർ മൗവ്വഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഖലീലുൽ റഹ്മാൻ, കെ.കെ ഷിനാജ്, ലത്തീഫ് എടവച്ചാൽ, ഷംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ തുടങ്ങിയവർ നേതൃത്വം നൽകി.