കണ്ണൂർ: മദ്യം വീടുകളിലെത്തിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കണ്ണൂർ ജില്ല മദ്യനിരോധന മഹിളാ വേദി ആവശ്യപ്പെട്ടു. മദ്യവർജ്ജനത്തിലൂടെ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടു വരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിഷ് പ്രഭമാക്കി മദ്യം വീടുകളിലെത്തിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടി കുടിപ്പിച്ച് നശിപ്പിക്കാനുള്ള സർക്കാർ നീക്കം എൽ ഡി എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്നും മഹിളാ വേദി പറഞ്ഞു. കുടുംബങ്ങളെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡണ്ട് ഡോ വി. എൻ. രമണിയുടെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.സി. പ്രേമ ടീച്ചർ, സംസ്ഥാന കമ്മിറ്റി അംഗം പി. നാണി ടീച്ചർ, പി.കെ.ഷീജ, പി. കെ. പ്രതിഷ എന്നിവർ സംസാരിച്ചു.