മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും മട്ടന്നൂരിൽ നടന്നു. മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യമന്ത്രിയുമായ കെ. കെ ഷൈലജ ടീച്ചർ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽപെട്ട വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, അണികളും, സാമൂഹ്യ – സാംസ്‌കാരിക – സാമുദായിക നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷന് മുന്നോടിയായി രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ സമര വിളംബര ജാഥ നടന്നു.
ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ജീവിക്കുന്ന, വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്നത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ്. എന്നാൽ, കുഗ്രാമങ്ങളിലെ ബസ് സ്റ്റോപ്പുകളുടെ അവസ്ഥയാണ് കണ്ണൂർ എയർപോർട്ടിന്റേത്. ആവശ്യത്തിന് വിമാനങ്ങളില്ല. ലഭ്യമായ വിമാനങ്ങളുടെ ടിക്കറ്റ് വില അതിഭീകരം.
കണ്ണൂർ എയർപോർട്ടിന് ‘പോയന്റ് ഓഫ് കോൾ’ പദവി നൽകണമെന്ന് കേരളത്തിലെ എം.പിമാർ ലോക്സഭയിലും രാജ്യസഭയിലുമൊക്കെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. രാഷ്ട്രീയ കക്ഷി ഭേദമെന്യേ കേരളത്തിലെ എം.പിമാർ പാർലമെന്റിൽ ശബ്ദമുയർത്തിയിട്ടും, നാളിതുവരെ യാതൊരു വിധ നടപടികളും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിവസം കഴിയുംതോറും കണ്ണൂർ എയർപോർട്ടിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുരിതമായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ്, ജാതി -മത -കക്ഷി -രാഷ്ട്രീയ ഭേദമന്യേ, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ച്, അതിശക്തമായ ജനകീയ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു.
കണ്ണൂർ എയർപോർട്ടിന് വേണ്ടി ആദ്യ കാലങ്ങളിൽ പരിശ്രമങ്ങൾ നടത്തിയ മഹേഷ് ചന്ദ്ര ബാലിക, പി. കെ വെങ്ങര,ടി. പി. അബ്ബാസ് എന്നിവർക്ക് കെ. കെ ഷൈലജ എം.എൽ.എ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ ‘ഇന്റർനാഷണൽ എക്സലൻസ് അവാർഡ്’ നൽകി ആദരിച്ചു.