14 മിനിറ്റ് വായിച്ചു

കേരള പൊലീസ് ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേന; കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയൻ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ്  മാങ്ങാട്ടുപറമ്പ്  പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍  സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 2018 ലെ പ്രളയ കാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കുവാന്‍ കേരള പൊലീസിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം തന്നെ വലിയ ഞെട്ടലോടെ കണ്ട വയനാട് ദുരന്തത്തില്‍, അവിടെ രക്ഷാപ്രവർത്തനം നടത്താനായി എത്തിയ ഏതൊരു ഏജന്‍സിയോടും കിടപിടിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കേരള പോലീസിന് കഴിഞ്ഞു. ദുരന്തമുഖത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു കൊണ്ട് അപ്പുറത്തുള്ളവരെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റവും മികച്ച രീതിയില്‍ എല്ലാവര്‍ക്കും ഏറ്റെടുക്കുവാന്‍ കഴിഞ്ഞു. അവിടെ ഒരു തരത്തിലുള്ള റാങ്ക് വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇതായിരുന്നു അവിടെ പങ്കെടുത്ത എല്ലാ സേനകളുടെയും പ്രത്യേകത. അതില്‍ അഭിമാനിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനം പൊലീസിന് കാഴ്ച വെക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിൻ്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍ എം എല്‍ എ, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പോലീസ് ബറ്റാലിയന്‍ എം. ആര്‍ അജിത് കുമാര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി ജയദേവ്, കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ രാജേഷ്, കെ.എ.പി 4 ബറ്റാലിയന്‍ കമാണ്ടന്റ് അരുണ്‍ കെ. പവിത്രന്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

2023 നവംബറില്‍ പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങൾ ഉള്‍പ്പെടെ ആകെ 314 പോലീസുകാരാണ് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ പാസ്സിംഗ് ഔട്ട് പരേഡില്‍ അണിനിരന്നത്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മൊമെന്റോ നല്‍കി. ചടങ്ങില്‍ 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!