കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാലിൽ പി സിലീഷിൻ്റെ തോട്ടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയെ മതിയാവൂ എന്നും മന്ത്രി പറഞ്ഞു. പൂകർഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു. 30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ആയിരം കേന്ദ്രങ്ങളിലായി 2,33,482 ഹൈബ്രിഡ് തൈകളാണ് ജില്ലാ പഞ്ചായത്ത് കൃഷിഭവനകൾ മുഖേന വിതരണം ചെയ്തത്.
ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ യു പി ശോഭ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വാർഡ് മെമ്പർ ഹൈമ എന്നിവർ സംസാരിച്ചു.