ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ദേശീയ/ സംസ്ഥാന അധ്യാപക അവാർഡ് നേടിയവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണെന്നും വിദ്യാർത്ഥികളെ നാളെയിലേക്ക് നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യപകരെന്നും സേവനത്തിൽ നിന്നും വിരമിച്ചാലും സമൂഹം എന്നും ഓർമ്മിക്കപ്പെടുന്നവരാണ് അധ്യാപകരെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ പരിധിയിൽ നിന്നും അവാർഡ് നേടിയ 14 പേരെയാണ് കോർപ്പറേഷൻ ആദരിച്ചത്. എല്ലാവരെയും പൊന്നാട അണിയിക്കുകയും പ്രത്യേക ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. വാണിദാസ് എളയാവൂരിനെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്നാണ് ആദരിച്ചത്. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ.രാഗേഷ്, എം.പി.രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ സ്വാഗതവും കോർഷറേഷൻ സെക്രട്ടറി ടി അജേഷ് നന്ദിയും പറഞ്ഞു.