കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ്റെയും മുൻ എംഎൽഎ ടി.വി.രാജേഷിൻ്റെയും വിടുതൽ ഹർജി തള്ളിയ എറണാകുളം സിബിഐ സ്പെഷൽ കോടതി ഉത്തരവ് സ്വാഗാതാർഹമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജനും ടി.വി.രാജേഷും സംയുക്തമായി നൽകിയ വിടുതൽ ഹർജിയാണ് കോടതി തള്ളിയത്.
സിബിഐ കുറ്റപത്രത്തിൽ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കി ഇവരെ രക്ഷിക്കാൻ ഭരണതലത്തിൽ നടന്ന നീക്കത്തെ ഷുക്കൂറിൻ്റെ മാതാവ് ആത്തിക്ക നിയമ പോരാട്ടം നടത്തിയാണ് പ്രതിരോധിച്ചത്. മകൻ്റെ കൊലയാളികൾക്ക് ശിക്ഷ ഉറപ്പിക്കാൻ ഷുക്കൂറിൻ്റെ മാതാവ് നടത്തുന്ന പോരാട്ടത്തിൻ്റെ കൂടി വിജയമാണിത്.രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ കൊലയാളി സംഘങ്ങളെ നിയോഗിച്ച് പുറമേ മാനവികതയും കാരുണ്യവും പ്രസംഗിച്ചു നടക്കുന്നവരുടെ പൊയ്മുഖം പിച്ചിച്ചീന്തപ്പെടുക തന്നെ വേണം. പാർട്ടി കോടതിയിൽ വിധി പറഞ്ഞ് ശിക്ഷ നടപ്പിലാക്കുന്ന പ്രാകൃത ശൈലി ഇനിയെങ്കിലും സി പി എം ഉപേക്ഷിക്കണമെന്നതിൻ്റെ മുന്നറിയിപ്പാണ് സി പി എം നേതാക്കളുടെ വിടുതൽ ഹരജി തള്ളിയ കോടതി വിധിയെന്ന് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.