കണ്ണൂർ: സിപി എമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മിഷൻ 2025 തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രണ്ടാംഘട്ട അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരായ ജനവികാരം ഓരോ ദിവസം കഴിയുന്തോറും ശക്തമാവുകയാണ്. പൊതുസമൂഹത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിനകത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശൈലിക്കെതിരെ വലിയ തോതിലുള്ള അമർഷം രൂപപ്പെടുന്നുണ്ട്. ഇക്കാലമത്രയും പിണറായി വിജയനെ സ്തുതിച്ചു നടന്ന പി.വി അൻവറിനെ പോലുള്ളവർ ഇപ്പോൾ പിണറായി വിജയൻ്റെ തനിനിറം എന്തെന്ന് വിളിച്ചു പറയുകയാണ്. യുഡിഎഫ് നേതാക്കൾ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സിപിഎമ്മിൻ്റെ സഹയാത്രികരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും ആവർത്തിക്കുന്നു. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്താൻ ബൂത്ത് തലങ്ങളിൽ പ്രവർത്തനം സജീവമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് , മണ്ഡലം പ്രസിഡണ്ട്മാർ എന്നിവർ പങ്കെടുത്ത നേതൃയോഗത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി ജോസഫ് എം എൽ എ, സജീവ് ജോസഫ് എം എൽ എ, പി ടി മാത്യു, പ്രൊഫ എ ഡി മുസ്തഫ, അഡ്വ. ടി ഒ മോഹനൻ, സജീവ് മാറോളി, കെ സി മുഹമ്മദ് ഫൈസൽ, എം പി ഉണ്ണികൃഷ്ണൻ, എം നാരായണൻ കുട്ടി, എൻ പി ശ്രീധരൻ, വി വി പുരുഷോത്തമൻ, റിജിൽ മാക്കുറ്റി, കെ സി വിജയൻ ,രാജീവൻ എളയാവൂർ , മുഹമ്മദ് ബ്ലാത്തൂർ ,ഡോ . കെ വി ഫിലോമിന ,മനോജ് കൂവേരി, ജൈസൺ കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു