16 മിനിറ്റ് വായിച്ചു

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; സി.കെ. പത്മനാഭന്‍

കണ്ണൂര്‍: ഇടത് എംഎല്‍എ പി.വി. അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. കാവല്‍ ഭടനായിരുന്ന അന്‍വറിനെ സംരക്ഷിച്ച് നിര്‍ത്തിയത് പിണറായി വിജയനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അന്‍വര്‍ എങ്ങനെയാണ് അനഭിമതനായതെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഭരണകക്ഷിയില്‍പ്പെട്ട പി.വി. അന്‍വറും ഉന്നയിച്ചത്. പൂരം കലക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന കാര്യം പിണറായി തന്നെ തുറന്ന് സമ്മതിച്ചതാണ്.അന്‍വര്‍ കേവലം ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നതിലേക്ക് ചുരുക്കുന്നതിനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രദ്ധ പതിപ്പിക്കുന്നത്. ഇത് ഗൂഢാലോചനയാണ്. മറിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും ഹവാല ഇടപാടുമായി ബന്ധപ്പെട്ടും അന്‍വര്‍ നടത്തിയ ആരോപണത്തെ കുറിച്ചാണ് ഗൗരവമായി അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരെ വിജലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്ത് കോടികള്‍ ചെലവിട്ട് വലിയ കൊട്ടാരം എഡിജിപ്പി നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രബലമായ ഒരു സംഘടയുടെ നേതാവിനെ എഡിജിപി കണ്ടതിനെ ഗൗരവമായി കാണേണ്ടതില്ല. 150 കിലോ സ്വര്‍ണ്ണവും 123 കോടി രൂപയും കേരളത്തിലേക്കൊഴുകിയെന്നത് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നാല്‍ അത് ഒരു ജില്ലയുടെ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. പിണറായി വിജയന് എഡിജിപിയെ ഭയമായത് കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, മേഖലാ സെക്രട്ടറി കെ.പി. അരുണ്‍ മാസ്റ്റര്‍, എ.പി. പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഡ്വ. വി. രത്‌നാകരന്‍, അഡ്വ. ശ്രീധരപ്പൊതുവാള്‍, എ.പി. ഗംഗാധരന്‍, ടി.സി. മനോജ് കുമാര്‍, സി.പി. സംഗീത, രാജന്‍ പുതുക്കുടി, അരുൺ കൈതപ്രം, റീന മനോഹരന്‍, വിജയൻ വട്ടിപ്രം തുടങ്ങിയവര്‍ നേതൃത്വം നൽകി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി സ്വാഗതവും എം. ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!